Biography

പ്രീയപ്പെട്ട പ്രിന്‍സിപ്പല്‍ -ഫാദര്‍ ഗബ്രിയേല്‍ല്‍

(E.G.K. Menon – a journalist and a writer and an old student of Christ College, whose inspiration in so many ways, is Fr. Gabriel. Menon has published works on Freud, Nikos Kazantzakis and J. Krishnamurti, apart from editing website magazine like relchronicle.)

കൂട്ടത്തിലായിരിക്കുമ്പോള്‍ത്തന്നെ, മാറി, ഒറ്റയാനായി, പരസ്യവും കോലാഹലവും ഇല്ലാതെ നിശ്ശബ്ദം, തന്റേതായ ശിക്ഷണവും, ചിന്തയും അച്ചടക്കവും പ്രയോജനപ്പെടുത്തി ഉയര്‍ന്ന സാമൂഹ്യസേവനം നിര്‍വ്വഹിക്കുന്ന ഗബ്രിയേല്‍ അച്ചന് അടുത്തിട ലഭിച്ച പത്മഭൂഷണ്‍ അംഗീകാരത്തേക്കാള്‍ ഒരു ബഹുമതിയാണ്. വിദ്യാഭ്യാസ ആതുരസേവന മേഖലകളില്‍ അദ്ദേഹത്തെപ്പോലെ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച് നിയതമായ സംഭാവനകള്‍ നല്‍കിയ മറ്റൊരു വ്യക്തിയെ നമ്മുടെ ഇടയില്‍ കണ്ടെത്താന്‍ സാദ്ധ്യമല്ല.

മനസ്സില്‍ മായാത്ത സാന്നിദ്ധ്യമായി ഉണ്ടായിരുന്നെങ്കിലും, എഴുപതുകളില്‍ ഞാന്‍ നാടുവിട്ടുനിന്നശേഷം ഇല്ലാതായ സമ്പര്‍ക്കം അദ്ദേഹത്തെ നേരില്‍കണ്ട് പുന:സ്ഥാപിക്കാന്‍ ഭാഗ്യം ലഭിച്ചത് രണ്ടു വര്‍ഷം മുമ്പ് തൃശ്ശൂരില്‍ വെച്ചായിരുന്നു.

അന്ന്, തകര്‍ത്തു പെയ്തിരുന്ന മഴ അല്പമൊന്നു ശമിച്ച ഒരു ഞായറാഴ്ചയിലെ മദ്ധ്യാഹ്നം. അമല ആശുപത്രിയിലെ തന്റെ പതിവ് റൗണ്ട് കഴിഞ്ഞ് മൊനാസ്റ്ററിയില്‍ തിരിച്ചെത്തിയ അച്ചനെ സ്വീകരണ മുറിയില്‍ കാത്തിരുന്ന് കാണുകയായിരുന്നു. അദ്ദേഹത്തിന്റെ നെറ്റിയിലെ വരകള്‍ക്ക് ആഴം കൂടിയിട്ടുണ്ട്. കവിളുകള്‍ പണ്ടത്തേക്കാള്‍ ശോഷിച്ചിരിക്കുന്നു. തോളിലണിഞ്ഞിട്ടുള്ള മഞ്ഞ ഷാള്‍ നേരത്തെ കണ്ടിട്ടുള്ളതല്ല. എന്നാല്‍ മൂന്നു ദിവസം മുമ്പ് എറണാകുളത്തുവെച്ച് ശ്രീ സുകുമാര്‍ അഴീക്കോട് ഗബ്രീയേലച്ചന്റെ പ്രായാധിക്യത്തെക്കുറിച്ച് സൂചിപ്പിച്ചതിനു വിരുദ്ധമായി, നല്ല ചുറുചുറുക്കോടെ മൂന്നു ദശാബ്ദങ്ങള്‍ക്കു പിന്നിലെ ഫാദര്‍ പ്രിന്‍സിപ്പാളെപ്പോലെ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ക്രൈസ്റ്റ് കോളേജിലെ അദ്ദേഹത്തിന്റെ കാലത്തെ വിദ്യാര്‍ത്ഥിയായിരുന്ന എന്റെ മനസ്സ് സന്തോഷ നിര്‍ഭരമായി.

അച്ചന്റെ ആരോഗ്യത്തിന് ഇന്നും തകരാറൊന്നും ഇല്ല. നിഘണ്ടുവിന്റെ സഹായമില്ലാതെ കത്തുകള്‍ ഡിക്റ്റേറ്റ് ചെയ്യാം. ഔദ്യോഗികമായി ചുമതലകളൊന്നും ഇപ്പോള്‍ അദ്ദേഹത്തിന് വഹിക്കാനില്ലെങ്കിലും തന്റേതായ രീതിയില്‍ അദ്ദേഹം കര്‍മ ബഹുലനും തിരക്കുള്ള ആളുമാണ്.

ഫാദര്‍ ഗബ്രിയേലിന്റെ ഒമ്പതു പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിന് അഞ്ചു പ്രധാന അദ്ധ്യായങ്ങള്‍ ഉണ്ടെന്നു പറയാം. - കുട്ടിക്കാലം, പഠനം, വൈദികപട്ടം, അദ്ധ്യാപനം, സ്ഥാപനങ്ങള്‍ എന്നിങ്ങനെ. അദ്ദേഹം നേതൃത്വം നല്‍കിയ ആദ്യത്തെ ഇരുദശവര്‍ഷങ്ങള്‍ ക്രൈസ്റ്റ് കോളേജിന്റെ സുവര്‍ണ്ണ കാലമായിരുന്നു. സ്ഥാപനങ്ങളെ സൃഷ്ടിച്ച്, പരിപാലിച്ച് അവയെ പ്രസ്ഥാനങ്ങളാക്കി ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ അസാധാരണപാടവത്തിന്റെ ആദ്യത്തെ ബോദ്ധ്യപ്പെടുത്തലാണ് ക്രൈസ്റ്റ് കോളേജ്.

ഗബ്രിയേലച്ചനെക്കുറിച്ച് ഇരിഞ്ഞാലക്കുടയില്‍ പ്രചരിച്ചിരിക്കുന്ന ചില കിംവദന്തികള്‍ കേട്ടു പേടിച്ചുകൊണ്ടാണ് ഞാന്‍ നാല് ദശാബ്ദങ്ങള്‍ക്കപ്പുറം ക്രൈസ്റ്റ് കോളേജില്‍ പഠനത്തിനു ചേരുന്നത്. സ്ഥലത്തെ കേമന്മാരില്‍പ്പെട്ട പുതൂര്‍ അച്ചുത മേനോനും കേശവന്‍ വൈദ്യരും പുല്ലേക്കാരനും, ഫാദര്‍ ഗബ്രിയേല്‍ വളരെ കണിശക്കാരനും ക്ഷിപ്രകോപിയുമാണെന്ന് പ്രശംസാരൂപത്തില്‍ നിരീക്ഷിക്കാറുള്ളത് ശ്രദ്ധയില്‍ പെട്ടിരുന്നു. കൂടുതല്‍ ഭയങ്കരമായി, അദ്ദേഹത്തിന് ഇടയ്ക്കിടെ വയറുവേദന ഉണ്ടാവുമെന്നും ആ സന്ദര്‍ഭങ്ങളില്‍ അച്ചന്റെ മുമ്പില്‍ച്ചെന്നു പെട്ടാല്‍ പിന്നെ രക്ഷിക്കാന്‍... എന്നുള്ള എല്ലാവരും പറയാറുള്ള ഒരു കഥയും നിലവിലുണ്ട് അന്ന്.

ഏതാനും മാസങ്ങള്‍ കോളേജില്‍ ചിലവിട്ടു കഴിഞ്ഞപ്പോള്‍ ഈ പറച്ചിലുകളില്‍ നിന്നൊക്കെ എത്രയോ വ്യത്യസ്തനാണ് ശരിയായ ഫാദര്‍ പ്രിന്‍സിപ്പല്‍ എന്ന് മനസ്സിലാവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മനസ്സ് കുട്ടികളോടുള്ള വാത്സല്യത്തിന്റെ വറ്റാത്ത ഒരു ഉറവയാണ്. അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും അങ്ങേയറ്റം ഉദാരമായ സമീപനമാണ് പ്രിന്‍സിപ്പാളില്‍ നിന്ന് എപ്പോഴും ഉണ്ടാവുക. അദ്ധ്യാപകര്‍ അദ്ദേഹത്തിന്റെ നല്ല സ്നേഹിതരായിരുന്നു. മിടുക്കന്മാരെ കണ്ടുപിടിച്ച് പ്രോത്സാഹിപ്പിച്ച് വളര്‍ത്തി വലുതാക്കാന്‍ അച്ചന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.

സാത്വികനും ജ്ഞാനിയുമാണെങ്കിലും ഗബ്രിയേല്‍ അച്ചനില്‍ ഭാവനയും സൗന്ദര്യബോധവും ധാരാളമുണ്ട്. ഈ സൗന്ദര്യബോധത്തിന്റെ ലോലമായ ഭാവമാണ് വിദ്യാര്‍ത്ഥികളെല്ലാം പാന്റ്സ് ധരിക്കണമെന്ന അക്കാലത്തെ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ ഒരു പക്ഷെ, കാണുക. എന്നാല്‍ അതിന്റെ ഗൗരവാവഹമായ പ്രയോഗസാക്ഷ്യങ്ങളാണ് മങ്ങാടിക്കുന്നിലെ ക്രൈസ്റ്റ് കോളേജ് സമുച്ചയത്തിലെ എണ്ണമറ്റ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും പച്ചവിരിച്ച വൃക്ഷങ്ങളും ഭംഗിയോടെ രൂപകല്പന ചെയ്തു നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളും. തോട്ടത്തിലെ ചെടികളേയും മരങ്ങളേയും താലോലിക്കുകയും അവയോട് സംസാരിക്കുകയും ചെയ്തിരുന്ന പ്രിന്‍സിപ്പാളില്‍, ഒരു കവിഹൃദയവും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ദര്‍ശിച്ചിരുന്നു.

കോളേജ് തുറക്കുന്ന ദിവസവും മറ്റുവിശേഷാവസരങ്ങളിലും വസ്തുനിഷ്ഠമായി, ലളിതഭാഷയില്‍ തെളിഞ്ഞ ചിന്തയോടെ ഗബ്രിയേലച്ചന്‍ പ്രസംഗിക്കാറുള്ളത് ഒട്ടും മങ്ങാത്ത സ്മരണാചിത്രമായി ഇന്നുമുള്ളിലുണ്ട്. നിവര്‍ന്ന് ഗാംഭീര്യത്തോടെ ഓഡിറ്റോറിയത്തിന്റെ പ്ലാറ്റ്ഫോമിലേക്ക് നടന്നു കയറുന്ന അച്ചന്റെ രൂപവും വേണ്ടപ്പോള്‍ അല്പം നര്‍മം കലത്തി, ഗൗരവം വിടാതെ അനന്യലബ്ധമായ അംഗവിക്ഷേപങ്ങളോടെ ആംഗലേയത്തില്‍ അദ്ദേഹം നിര്‍വ്വഹിക്കാറുള്ള ആ ഭാഷണങ്ങളും ഞങ്ങളെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്.

കോളേജിന്റെ നിത്യേനെയുള്ള നിര്‍വ്വഹണത്തിന്, തികച്ചും ജനാധിപത്യപരമായ വഴക്കങ്ങളാണ് അദ്ദേഹം പാലിക്കുക പതിവ്. പ്രധാനതീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അവയില്‍ ഭാഗഭാക്കുകളാക്കുക അച്ചന്റെ സമ്പ്രദായമായിരുന്നു. കോളേജിന്റെ ഭാവി വികസനങ്ങളെപ്പറ്റി ആ ക്രാന്തദര്‍ശി സ്വപ്നം കാണുമായിരുന്നു. സ്ഥലത്തെ പൗരന്മാരെ പങ്കെടുപ്പിച്ചും അവരുടെ അഭിപ്രായങ്ങളെ മാനിച്ചും അദ്ദേഹം കോളേജിന്റെ വികസനം സാദ്ധ്യമാക്കി.

കോളേജ് ഡേ, സ്പോര്‍ട്സ് ഡേ എല്ലാം ഉത്സവങ്ങളാക്കി അദ്ദേഹം ആഘോഷിക്കും. പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ മൈതാനത്ത് ഫുട്ട്ബോള്‍ കളി കാണാനും ഓഡിറ്റോറിയത്തില്‍ ഡിബേറ്റുകള്‍ കേള്‍ക്കാനും അച്ചന്‍ പതിവായി എത്തിക്കൊണ്ടിരിക്കും. കോളേജിന്റെ ചെറുപ്പത്തില്‍ തന്നെ ഫുട്ട്ബോള്‍ രംഗത്ത് അധികായന്മാരെ സംഭാവനചെയ്യാന്‍ ക്രൈസ്റ്റിനു കഴിഞ്ഞത് അച്ചന്റെ ശ്രമം കൊണ്ടുമാത്രമാണ്. പുറമെ പ്രസംഗത്തിനും ഉപന്യാസരചനയ്ക്കും, ക്വിസ് പരിപാടികള്‍ക്കും, മോക്ക് പാര്‍ല്യമെന്റിനും, കുട്ടികളെ സജ്ജരാക്കി അയച്ച് ധാരാളം ട്രോഫികള്‍ കോളേജിന് അദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്. കോളേജിന്റെ ദശവത്സരാഘോഷങ്ങളില്‍ പങ്കെടുത്ത് യേശുദാസ് പാടിയതും തിക്കോടിയന്‍, നാരായണപ്പിഷാരടി എന്നിവര്‍ പ്രസംഗിച്ചതും, പി.ജെ ആന്റണി നാടകം അവതരിപ്പിച്ചതും ഓര്‍മ്മയില്‍ ഉണ്ട്. വൈസ് പ്രസിഡന്റും ഗവര്‍ണ്ണറും, വൈസ് ചാന്‍സിലറും ബിഷപ്പും അങ്ങിനെ എത്രയോ പ്രശസ്തര്‍ അദ്ദേഹത്തിന്റെ കാലത്ത് കോളേജ് സന്ദര്‍ശിച്ചിരിക്കുന്നു.

പ്രതീക്ഷക്കു വിരുദ്ധമായി വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളേയും തന്റെ സഭയില്‍ നിന്നു തന്നെ ഉയരുന്ന അഭിപ്രായവ്യത്യാസങ്ങളേയുമൊക്കെ ദാര്‍ശനീകമായാണ് അച്ചന്‍ നേരിടാറുള്ളതെന്ന് കേട്ടിട്ടുണ്ട്.

  • അഥവാ ക്ഷമപോലെ നന്മചെയ്തരുളാന്‍
  • നോറ്റൊരു നല്ല ബന്ധുവും
  • വ്യഥ പോലറിവോതിടുന്ന സദ്-
  • ഗുരുവും മര്‍ത്ത്യനു വേറെയില്ല താന്‍

എന്ന കവിവാക്യത്തിന്റെ പൊരുളും കൊടുങ്കാറ്റിനു വിലങ്ങനെ നില്‍ക്കാതെ ചരിഞ്ഞൊതുങ്ങി, കാറ്റ് ശമിച്ചശേഷം നിവരുന്ന ചെടിയുടെ പാഠവും ഒഴുക്കിനു തടസ്സം നേരിട്ടാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ മാറിയൊഴുകുന്ന നദിയുടെ ശൈലിയും അദ്ദേഹത്തിന് നന്നായി അറിയാം.സമചിത്തത കൈവിടാതെ തെളിഞ്ഞ ബുദ്ധി ഉപയോഗിച്ച് പ്രതികൂല സ്ഥിതികളെ അദ്ദേഹം നിഷ്പ്രയാസം തരണം ചെയ്യും.

എം.പി പോള്‍ ഡോ. പ്ലാസിഡ്, പ്രൊ. ഷപ്പേഡ് തുടങ്ങിയ പ്രതിഭാശാലികളായ ഗുരുനാഥന്മാരുടെ ദൃഷ്ടാന്തവും വേദപഠനത്തിനുമുമ്പ് വായിച്ച പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ദെക്കാര്‍ത്ത്, കാന്റ് എന്നിവരുടെ ദാര്‍ശനിക കാഴ്ചപ്പാടുകളും, പാശ്ചാത്യസാഹിത്യ ക്ലാസിക്കുകളുമായുള്ള ഇടപെടലുകളും ഗബ്രിയേലച്ചന്റെ അദ്ധ്യാപനപ്രാഗല്‍ഭ്യത്തേയും വിജ്ഞാനചക്രവാളത്തേയും മാനവികതയേയും വിപുമാക്കിയ ഘടകങ്ങളാണ്.

അഞ്ചുവര്‍ഷത്തെ പഠനകാലത്ത് ഇരിഞ്ഞാലക്കുടക്കാര്‍ പറയാറുള്ള ശുണ്ഠി അദ്ദേഹത്തില്‍ ഞാന്‍ കണ്ടത് ഒരിക്കല്‍ മാത്രമായിരുന്നു. തനിക്ക് പ്രിയങ്കരനായ ഡിസ്മാസ് അച്ചനെ ചുമതലയേല്‍പ്പിച്ച് ഫാ. ഗബ്രിയേല്‍ ലീവില്‍ പോയ ദിവസങ്ങളില്‍ ചില വിദ്യാര്‍ത്ഥികള്‍ സമരം നടത്തി, ഒരു നോട്ടീസ് ബോര്‍ഡിന്റെ ചില്ലുപൊട്ടിക്കുകയും മറ്റു കശപിശകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇതില്‍ കോപിതനായ പ്രിന്‍സിപ്പാള്‍ അക്രമത്തിന് തുനിഞ്ഞവരെ പുറത്താക്കുകയും "കോളേജ് എന്നന്നേക്കുമായി കുറേ നാളേയ്ക്ക് അടച്ചുപൂട്ടാനും ഞാന്‍ മടിക്കില്ല" എന്ന പ്രഖ്യാപനത്തോടെ കുറേ നാളേയ്ക്ക് ക്രൈസ്റ്റ് കോളേജ് പൂട്ടിയിടുകയും ചെയ്ത സന്ദര്‍ഭമാണത്. രക്ഷകര്‍ത്താക്കളും മറ്റും ഇടപെട്ട് ഖേദപ്രകടനം നടത്തി പിന്നീട് സ്ഥിതിഗതികള്‍ നേരെയാക്കി. വയറുവേദനയെപ്പറ്റിയാണെങ്കില്‍ അള്‍സര്‍ ബാധയാല്‍ അച്ചന് ഇടയ്ക്ക് വയറില്‍ വേദന അനുഭവപ്പെട്ടിരുന്നു എന്നത് വാസ്തവമാണെങ്കിലും അതദ്ദേഹത്തിന്റെ സമനില തെറ്റിച്ചുവെന്ന പറച്ചില്‍ വെറും അതിശയോക്തി മാത്രമായിരുന്നു.

ഗബ്രിയേലച്ചന്റെ ഭരണകാലത്ത് ക്രൈസ്റ്റ് കോളേജിനെ, രാജ്യത്തിന്റെ ഏറ്റവും നല്ല സ്ഥാപനമായി യു.ജി.സി അംഗീകരിക്കുകയുണ്ടായി.

ക്രൈസ്റ്റില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ശേഷവും സ്വപ്നം കാണാതിരിക്കാന്‍ വിസമ്മതിക്കുന്ന ഗബ്രിയേലച്ചന്‍ തുടര്‍ന്നു പണിതുയര്‍ത്തിയ സ്ഥാപനങ്ങള്‍ കണ്ടാല്‍ വിസ്മരിച്ചുപോകും. ചാലക്കുടിയിലും പാലക്കാടും തീര്‍ത്ത ഒന്നാന്തരം സ്കൂളുകള്‍, അമ്പഴക്കാട്ടെയും, വരന്തപ്പിള്ളിയിലേയും പാരലല്‍ കോളേജുകള്‍, കോഴിക്കോട് സര്‍വ്വകലാശാലയിലെ ദീപ്തി സംസ്കാരിക കേന്ദ്രം, ക്രൈസ്തവ പഠനങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ ഒണലൂരിലെ സ്നേഹാശ്രമം, പ്രസിദ്ധമായ അമല കാന്‍സര്‍ ആശുപത്രി - ഇവയെല്ലാം ഗബ്രിയേലച്ചന്റെ സാഹസിക മനസ്സിന്റെ മുന്‍കാഴ്ചയുടേയും, ജനപങ്കാളിത്തത്തോടെ അതിനെ സാക്ഷാത്കരിക്കാനുള്ള പ്രാപ്തിയുടേയും പ്രകട ദൃഷ്ടാന്തങ്ങളായി നിലകൊള്ളുന്നു.

ഗബ്രിയേലച്ചന്‍ ഇത്രയൊക്കെ എങ്ങിനെ സാധിക്കുന്നുവെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സഹജമായ ചില വിശേഷതകളിലേക്ക് മറുപടിയായി വിരല്‍ ചൂണ്ടാനായേക്കാം - തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യവും അവ നിഷ്ഠയോടെ നടപ്പില്‍ കൊണ്ടുവരാനുള്ള അച്ചടക്കവും, സമൂഹത്തിന് അവശ്യം ആവശ്യം എന്നുള്ള പദ്ധതികള്‍ മാത്രം തിരഞ്ഞെടുക്കുക, തുടര്‍ന്ന് അവയെ സൃഷ്ടിക്കുന്നതിന് മതിയായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നതില്‍ നിപുണമായിട്ടുള്ള സാമാന്യ ബുദ്ധി, വലിയ സ്ഥാനങ്ങളിലുള്ളവരോടും സാധാരണക്കാരോടും സുഖകരമായി ഇടപെടാനുള്ള താല്പര്യം, എല്ലാവരിലും ബഹുമാനവും സ്നേഹവും അവശേഷിപ്പിക്കുന്ന പെരുമാറ്റം.... അങ്ങിനെ ധാരാളം. എന്നാല്‍ അധികാരമോ, സ്വത്തോ, പ്രശസ്തിയോ ഒന്നും വേണ്ടാതെ ലളിതനായ ഈ മഹര്‍ഷിതുല്യനെ തന്റെ തനതായ കഴിവുകള്‍ സമൂഹനന്മയ്ക്കായി പ്രയോഗിക്കാന്‍ ഇത്രയേറെ ഉത്തേജിപ്പിക്കുന്ന ഹേതുവേതെന്ന് നിര്‍വ്വചിക്കാന്‍ കഴിയാത്തിടത്തോളം 'എങ്ങിനെ സാധിക്കുന്നു' എന്നത് പ്രഹേളികമായി തുടരും.

ഖലിന്‍ ജിസ്രാന്റെ വരികള്‍ നോക്കൂ:

There are those who give little of the much they have and they give it for recognition and their hidden desire makes their gifts unwholesome... And there are those who have little and give its all. These are the believers in life and the bounty of life, and their coffer is never empty... There are those who give with joy and that joy is their reward. And there are those who give and know not pain in giving nor do they seek joy, nor give with mindfullness of virtue.... They give as in yonder valley the myrtle breathes its fragrance into space .. Through the hands of such as these god speaks and from the behind their eyes, He smiles upon the earth..... അന്തരീക്ഷം സുഗന്ധ ഭരിതമാക്കുന്ന നിസ്വാര്‍ത്ഥമായ ഈ ദാഹത്തിന്, സ്വന്തമായി ഒന്നുമില്ലാതെ എല്ലാം ശ്രമിച്ചുണ്ടാക്കി, സമൂഹത്തിനു നല്‍കുന്ന ഉദാത്തമായ സമര്‍പ്പണത്തിന്, സ്വയം ദൈവികത്വം അവകാശപ്പെട്ട്, ധര്‍മ്മോപദേശങ്ങളുമായി ഇറങ്ങുന്ന ആള്‍ ദൈവങ്ങള്‍ക്ക് വിപരീതമായി, ഗബ്രിയേലച്ചനെ, മറ്റേതിനേക്കാളും ഉപരിയായി പ്രചോദിപ്പിരിക്കുക, തന്റെ മനസ്സിലെ, കവിവാക്യങ്ങളില്‍ വര്‍ണ്ണിക്കുന്ന ആ അഭൗമ തേജസ്സായിരിക്കാം.

ഇ ജി കെ മേനോന്‍